Wednesday, June 29, 2011

ഖദീജയുടെ കല്യാണം



ഖദീജയുടെ
കല്യാണപ്പിറ്റേന്നു മുതലാണ്‌
എന്റെ കാലില്‍
ചങ്ങലകള്‍ വീണത്‌....

മണവാട്ടി സുന്ദരിയായിരുന്നു
എന്നിട്ടും
കണ്ണിനുതാഴെ
സുറുമയുടേതല്ലാത്ത
കറുപ്പ്‌ പരന്നിരുന്നു.

കുടിക്കാന്‍ തന്ന
സര്‍ബത്തിന്‌
മിനിഞ്ഞാന്നൊഴിഞ്ഞ
ആട്ടിന്‍കൂടിന്റെ മണമായിരുന്നു.

എത്ര തന്നെ ഇറച്ചികൂട്ടിയിട്ടും
ബിരിയാണിയില്‍
നാലുസെന്റ്‌ പുരയിടത്തിലെ
ചേറു ചുവച്ചിരുന്നു.

കല്യാണപ്പെണ്ണിന്റെ
കാഞ്ചീപുരം സാരിയില്‍
വീണ്ടും വീണ്ടും നോക്കിയിട്ടും
അന്ത്രുക്കായുടെ കുഴിഞ്ഞ കണ്ണും
ആയിശത്താത്തയുടെ കണ്ണീര്‍ച്ചിരിയും
മാത്രമേ കണ്ടുള്ളൂ.

മേനി മൂടിയിരുന്ന
മഞ്ഞച്ചങ്ങലകളില്‍
മൂത്തവള്‍ തയ്യല്‍ക്കാരിപ്പാത്തുവിന്റെ
വിയര്‍പ്പിന്റെ മണം
ബാക്കിയായിരുന്നു.

വൈറ്റ്‌ വാഷ്‌ ചെയ്‌ത ചുമരില്‍
പലിശക്കറുപ്പിന്റെ
കറപടര്‍ന്നിരുന്നു.

എന്നിട്ടുമെന്നിട്ടും
കല്ല്യാണം കൂടിയവരില്‍
എന്റെ കാലില്‍ മാത്രമാണല്ലോ
ചങ്ങല വീണത്‌.

റോസാച്ചെടി



നമ്മുടെ
കളിവീടിനുള്ളിലൂടെ
ഒരു മുള്ളുവേലിയുയര്‍ന്നപ്പോഴാണ്‌
എനിക്കും നിനക്കുമിടയിലെ
അതിരുകളെ
ഞാനറിഞ്ഞത്‌.
എന്നിട്ട്‌,
രാത്രി,
നിന്റെ അച്ഛന്‍
വേലിമാന്തുമ്പോഴൊക്കെ
ഞാന്‍ സന്തോഷിച്ചു.
നിന്റെ അതിരുകള്‍
എന്നിലേക്ക്‌
കയറിവരികയാണല്ലൊ.
പിന്നെയൊരിക്കല്‍
മുറ്റത്തൊരു മതിലുകൊണ്ട്‌
എന്റെ അച്ഛനെന്നെ തോല്‍പ്പിച്ചു.
ഇന്ന്‌,
അതിരുകവിയുന്നൊരു
പൂവിനെകാത്ത്‌
ഞാനുമൊരു
റോസാച്ചെടി നടുകയാണ്‌.
ഈ മതിലിന്നരികില്‍
നിന്റെ പൂക്കറി തിന്ന്‌
ഞാന്‍ ചര്‍ദ്ദിച്ചിടത്ത്‌
നിന്റെ കണ്ണീര്‍ വീണിടത്ത്‌...

Monday, September 7, 2009

സ്ലേറ്റ്‌



ഒന്നു തലോടുമ്പോഴേക്കും
കുത്തിവരയുടെ മുറിവുകള്‍
ക്ഷമിച്ചുകളയുന്ന സ്‌നേഹം.

അതുകൊണ്ടാവാം
അവള്‍ക്ക്‌
അടുക്കളക്കരി പുരണ്ട
എന്റമ്മയുടെ
ഛായ...