Wednesday, June 29, 2011

ഖദീജയുടെ കല്യാണം



ഖദീജയുടെ
കല്യാണപ്പിറ്റേന്നു മുതലാണ്‌
എന്റെ കാലില്‍
ചങ്ങലകള്‍ വീണത്‌....

മണവാട്ടി സുന്ദരിയായിരുന്നു
എന്നിട്ടും
കണ്ണിനുതാഴെ
സുറുമയുടേതല്ലാത്ത
കറുപ്പ്‌ പരന്നിരുന്നു.

കുടിക്കാന്‍ തന്ന
സര്‍ബത്തിന്‌
മിനിഞ്ഞാന്നൊഴിഞ്ഞ
ആട്ടിന്‍കൂടിന്റെ മണമായിരുന്നു.

എത്ര തന്നെ ഇറച്ചികൂട്ടിയിട്ടും
ബിരിയാണിയില്‍
നാലുസെന്റ്‌ പുരയിടത്തിലെ
ചേറു ചുവച്ചിരുന്നു.

കല്യാണപ്പെണ്ണിന്റെ
കാഞ്ചീപുരം സാരിയില്‍
വീണ്ടും വീണ്ടും നോക്കിയിട്ടും
അന്ത്രുക്കായുടെ കുഴിഞ്ഞ കണ്ണും
ആയിശത്താത്തയുടെ കണ്ണീര്‍ച്ചിരിയും
മാത്രമേ കണ്ടുള്ളൂ.

മേനി മൂടിയിരുന്ന
മഞ്ഞച്ചങ്ങലകളില്‍
മൂത്തവള്‍ തയ്യല്‍ക്കാരിപ്പാത്തുവിന്റെ
വിയര്‍പ്പിന്റെ മണം
ബാക്കിയായിരുന്നു.

വൈറ്റ്‌ വാഷ്‌ ചെയ്‌ത ചുമരില്‍
പലിശക്കറുപ്പിന്റെ
കറപടര്‍ന്നിരുന്നു.

എന്നിട്ടുമെന്നിട്ടും
കല്ല്യാണം കൂടിയവരില്‍
എന്റെ കാലില്‍ മാത്രമാണല്ലോ
ചങ്ങല വീണത്‌.

1 comment: